---
title: "കോടിയേരി ബാലകൃഷ്ണൻ സ്മാരക  ലൈബ്രറി ഉദ്ഘാടനം  ഇന്ന്"
english_title: "Kodiyeri Balakrishnan Memorial Library inaugurated today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126953/kodiyeri-balakrishnan-memorial-library-inaugurated-today"
published_at: "2023-07-03T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26197a744c_Untitled-1_copy.jpg"
keywords: []
---

# കോടിയേരി ബാലകൃഷ്ണൻ സ്മാരക  ലൈബ്രറി ഉദ്ഘാടനം  ഇന്ന്

> **Lead Summary:** **ചൊക്ലി :** കോടിയേരി ബാലകൃഷ്ണന്റെ സ്‌മരണയ്‌ക്ക്‌ ചൊക്ലി മൊയാരത്ത്‌ സ്‌മാരക മന്ദിരത്തിൽ ഗ്രന്ഥപ്പുര പ്രവർത്തനം തുടങ്ങുന്നു. ഇന്ന് വൈകിട്ട്‌ നാലിന്‌ സ്‌പീക്കർ എ എൻ ഷംസീർ ലൈബ്രറി നാടിന്‌ സമർപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**ചൊക്ലി :** കോടിയേരി ബാലകൃഷ്ണന്റെ സ്‌മരണയ്‌ക്ക്‌ ചൊക്ലി മൊയാരത്ത്‌ സ്‌മാരക മന്ദിരത്തിൽ ഗ്രന്ഥപ്പുര പ്രവർത്തനം തുടങ്ങുന്നു. ഇന്ന് വൈകിട്ട്‌ നാലിന്‌ സ്‌പീക്കർ എ എൻ ഷംസീർ ലൈബ്രറി നാടിന്‌ സമർപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യാതിഥി ടി പത്മനാഭൻ കോടിയേരിയുടെ ഫോട്ടോ അനാഛാദനം ചെയ്യും. കവിയൂർ രാജഗോപാലൻ അധ്യക്ഷനാകും. അത്യാധുനിക സംവിധാനത്തോടെയുള്ള ഡിജിറ്റൽ ലൈബ്രറിയാണ്‌ ആരംഭിക്കുന്നത്‌. മൊയാരം സ്‌മാരകത്തിന്റെ താഴത്തെ നിലയിലാണ്‌ ലൈബ്രറി. രണ്ട്‌ വർഷത്തിനകം പുതിയ കെട്ടിടത്തിലേക്ക്‌ മാറും. പഠന–-ഗവേഷണ കേന്ദ്രമാക്കി സ്ഥാപനത്തെ വികസിപ്പിക്കും.

വായനയിലേക്ക്‌ പുതുതലമുറയെ ആകർഷിക്കാൻ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വീടുകളിൽ പുസ്‌തകം എത്തിക്കുന്ന ഹോംലൈബ്രറി പദ്ധതിയും ആരംഭിക്കും. സ്‌കൂളുകളെ ബന്ധിപ്പിച്ച്‌ ആഴ്‌ചയിൽ ഒരു ദിവസം പുസ്‌തകം നൽകാനും സംവിധാനമൊരുക്കും. ഗ്രന്ഥാലയത്തിൽ നാലായിരത്തിലേറെ പുസ്‌തകങ്ങൾ ഇതിനകം സംഭാവനയായി ലഭിച്ചു. സാഹിത്യകാരന്മാർ, സാംസ്‌കാരിക–-രാഷ്‌ട്രീയ പ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പുസ്‌തകം സംഭാവന ചെയ്‌തു.

മികച്ച റഫറൻസ്‌ ഗ്രന്ഥശേഖരം, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ സവിധാനത്തോടെ വിദ്യാർഥികളുടെ പഠന–-ഗവേഷണ പ്രവർത്തനത്തിന്‌ ഉതകും വിധമാണ്‌ ഗ്രന്ഥാലയം സജ്ജീകരിച്ചത്‌. പുസ്‌തക പ്രസാധനവും ലൈബ്രറി ഏറ്റെടുക്കും.

കോടിയേരിയുടെ സ്‌മരണകൾ കോർത്തിണക്കിയ ഓർമപുസ്‌തകം വൈകാതെ പുറത്തിറക്കും. ചൊക്ലിയുടെ ചരിത്രവും തയാറാക്കും. നവാഗതരായ എഴുത്തുകാരുടെയും കുട്ടികളുടെയും സൃഷ്‌ടികൾ പ്രസിദ്ധീകരിക്കും. വാർത്താസമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ്‌ ഡോ. എ പി ശ്രീധരൻ, സെക്രട്ടറി സിറോഷ് ലാൽ ദാമോദരൻ, പ്രസീദ രവീന്ദ്രൻ, ഷിജു പുതുശ്ശേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126953/kodiyeri-balakrishnan-memorial-library-inaugurated-today)