---
title: "കണ്ണൂർ മാർക്കറ്റ് റോഡിലെ പത്ത് കടകളിൽ  മോഷണം ; 6000 രൂപ കവർന്നു."
english_title: "Theft in ten shops on Kannur Market Road;6000 was stolen."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/126696/theft-in-ten-shops-on-kannur-market-road6000-was-stolen"
published_at: "2023-07-02T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a12b80d30f7_download_(1).jpg"
keywords: []
---

# കണ്ണൂർ മാർക്കറ്റ് റോഡിലെ പത്ത് കടകളിൽ  മോഷണം ; 6000 രൂപ കവർന്നു.

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ നഗരത്തിലെ ഹാജി റോഡ്, കാംബസാർ എന്നിവിടങ്ങളിലെ പത്ത് കടകളിൽ മോഷണം. ഒരു കടയിൽ നിന്ന് 6000 രൂപ കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഓടിട്ട സ്ഥാപനങ്ങളിലെ മച്ചുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ നഗരത്തിലെ ഹാജി റോഡ്, കാംബസാർ എന്നിവിടങ്ങളിലെ പത്ത് കടകളിൽ മോഷണം. ഒരു കടയിൽ നിന്ന് 6000 രൂപ കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഓടിട്ട സ്ഥാപനങ്ങളിലെ മച്ചുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.

ഓട് നീക്കി അകത്ത് കടന്നതിനാൽ അനാദി സാധനങ്ങളടക്കം മഴയിൽ കുതിർന്ന് നശിച്ചു. വിവിധ സ്ഥാപനങ്ങളിലെ സി സി ടി വി ക്യാമറകൾ തകർത്തും തുണി ഉപയോഗിച്ച് മറച്ചുമാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. കമ്പിപ്പാരയുമായി ഒരാൾ നടന്ന് പോകുന്ന ദൃശ്യം സമീപത്തെ സി സി ടി വിയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

കാംബസാർ മാർക്കറ്റിൽ കക്കാട് സ്വദേശി ഹുസൈന്റെ ഉണക്ക് മത്സ്യക്കടയിലെ മേശ കുത്തി തുറന്നാണ് 6000 രൂപ കവർന്നത്. ഹാജി റോഡിലെ കെ പി എ സ്റ്റോർ, ബ്രദേഴ്സ് ട്രേഡ് ലിങ്ക്സ്, ലക്കി ട്രേഡേഴ്സ്, മുബാറക് സ്റ്റോർ, രഹ്ന പ്ലാസ്റ്റിക് ഗോഡൗൺ, റാം പ്രകാശ്, ശ്രീസദൻ ആയുർവേദ ഔഷധശാല, കണ്ണൂക്കരയിലെ കെ വി പ്രമോദിന്റെ ബനാന ഷോപ്പ്, ഇ എം വെജിറ്റബിൾ, അഖിൽ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണ ശ്രമമുണ്ടായത്.

മേശകൾ കുത്തിപ്പൊളിച്ച് ചില്ലറ നാണയങ്ങളാണ് കവർന്നത്. ഒരു സ്ഥാപനത്തിന്റെ ഷട്ടറിനും കേട് വരുത്തി. ടൗൺ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/126696/theft-in-ten-shops-on-kannur-market-road6000-was-stolen)