---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം തൃക്കലശാട്ടത്തോടെ സമാപിച്ചു ; ഈ വർഷമുണ്ടായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത്  അടുത്ത വർഷം കൂടുതൽ സൗകര്യമൊരുക്കുമെന്ന് ദേവസ്വം"
english_title: "Kottiur Vaisakha Mahotsava concluded with Trikalasatta;Devaswom said that considering the rush of devotees this year, more facilities will be provided next year"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125860/kottiur-vaisakha-mahotsava-concluded-with-trikalasattadevaswom-said-that-considering-the-rush-of-devotees-this-year-more-facilities-will-be-provided-next-year"
published_at: "2023-06-29T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649d1ca822a82_Untitled-3_copy.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം തൃക്കലശാട്ടത്തോടെ സമാപിച്ചു ; ഈ വർഷമുണ്ടായ ഭക്തജനത്തിരക്ക് കണക്കിലെടുത്ത്  അടുത്ത വർഷം കൂടുതൽ സൗകര്യമൊരുക്കുമെന്ന് ദേവസ്വം

> **Lead Summary:** **കണ്ണൂർ :** ബുധൻ രാവിലെ ചോതി വിളക്കിലെ നാളം പകർന്നതോടെ തൃക്കലശാട്ടത്തിന്‌ തുടക്കമായി. തന്ത്രിമാരുടെ നേതൃത്വത്തിൽ മണിത്തറയിൽ കളഭാട്ടം നടന്നു. മണിത്തറയിൽ നടന്ന ചടങ്ങ്‌ വീക്ഷിക്കാൻ നൂറുകണക്കിന്‌ തീർഥാടകർ എത്തി.

## Article Content

**കണ്ണൂർ :** ബുധൻ രാവിലെ ചോതി വിളക്കിലെ നാളം പകർന്നതോടെ തൃക്കലശാട്ടത്തിന്‌ തുടക്കമായി. തന്ത്രിമാരുടെ നേതൃത്വത്തിൽ മണിത്തറയിൽ കളഭാട്ടം നടന്നു. മണിത്തറയിൽ നടന്ന ചടങ്ങ്‌ വീക്ഷിക്കാൻ നൂറുകണക്കിന്‌ തീർഥാടകർ എത്തി.

പൂർണ പുഷ്പാഞ്ജലിയും കുടിപതികളുടെ തണ്ടിന്മേൽ ഊണും കഴിഞ്ഞതോടെ മുതിരേരിവാൾ വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിലേക്കും ഭണ്ഡാരങ്ങൾ മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിലേക്കും തിരിച്ചെഴുന്നള്ളിച്ചു. ദേവീ–ദേവന്മാരുടെ തിടമ്പുകൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. തിരുവാഭരണങ്ങളും മണത്തണ ചപ്പാരം ക്ഷേത്രത്തിലെ വാളുകളും തിരികെ എഴുന്നള്ളിച്ചു.

വെള്ളിയാഴ്‌ച വറ്റടി ചടങ്ങ്‌ നടക്കും. ജന്മശാന്തി പടിഞ്ഞീറ്റയും ഉഷക്കാമ്പ്രവും അക്കരെ ക്ഷേത്രത്തിലെത്തി സ്വയംഭൂവിനെ അഷ്ടബന്ധംകൊണ്ട് ആവരണംചെയ്യും. ഇനി അക്കരെ ക്ഷേത്രം 11 മാസക്കാലം നിശബ്ദദയിൽ അമരും. കൂടുതൽ സൗകര്യങ്ങളൊരുക്കും:  എം ആർ മുരളി കൊട്ടിയൂർ കൊട്ടിയൂരിലെ ഭൗതിക സാഹചര്യങ്ങളിലെ കുറവുകൾ പരിഹരിച്ച് തീർഥാടകർക്ക്‌ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന്‌ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം ആർ മുരളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഭൂതപൂർവമായ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്‌.

ഇക്കരെ കൊട്ടിയൂരിൽ എട്ടുകോടി രൂപ ചെലവിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‌ അടിയന്തര നടപടി സ്വീകരിക്കും. പാർക്കിങ് സൗകര്യമൊരുക്കുന്നതിന് പ്രഥമ പരിഗണന നൽകും. ക്ഷേത്രത്തിന് സമീപം ഇതിനായി സ്ഥലം വാങ്ങുന്നതുൾപ്പെടെ പരിഗണനയിലുണ്ട്.

മാലിന്യസംസ്‌കരണത്തിന്‌ വിപുലമായ പദ്ധതി നടപ്പാക്കും. ഉത്സവ വിജയത്തിന് എല്ലാവരുടെയും സഹകരണമുണ്ടായിരുന്നെങ്കിലും അക്കരെ സന്നിധാനത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാതിരുന്നത് പോരായ്മയാണ്‌. മഹാദേവ റസ്റ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് കമീഷണർ പി നന്ദകുമാർ, അസിസ്റ്റന്റ് കമീഷണർ എൻ കെ ബൈജു,പാരമ്പര്യേതര ട്രസ്‌റ്റി രവീന്ദ്രൻ പൊയിലൂർ, ഏരിയാ സെക്രട്ടറി പി കെ സുധി എന്നിവരും ഒപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125860/kottiur-vaisakha-mahotsava-concluded-with-trikalasattadevaswom-said-that-considering-the-rush-of-devotees-this-year-more-facilities-will-be-provided-next-year)