---
title: "ഏകദിന ലോകകപ്പിന് ഒരുങ്ങാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡും ; ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം അഹമ്മദാബാദില്‍"
english_title: "Greenfield too to prepare for World Cup;India-Pakistan fight in Ahmedabad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/125403/greenfield-too-to-prepare-for-world-cupindia-pakistan-fight-in-ahmedabad"
published_at: "2023-06-27T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a8e4aed0d8_wc-2023--1-_890x500xt.jpg"
keywords: []
---

# ഏകദിന ലോകകപ്പിന് ഒരുങ്ങാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡും ; ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം അഹമ്മദാബാദില്‍

> **Lead Summary:** **തിരുവനന്തപുരം:** ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നാണ് വിവരം.

## Article Content

**തിരുവനന്തപുരം:** ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നാണ് വിവരം.

ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. 12 മത്സരങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുക. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്.

മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍, ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കും.

ഫൈനലും ഇതേ വേദിയിലാണ്. സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സും മുംബൈ വാംഖഡെ സ്റ്റേഡിയവും വേദിയാവും. പാകിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് ബിസിസിഐ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം അഹമ്മദാബാദില്‍ ആയിരിക്കും നടക്കുക. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നീളുന്നതായിരിക്കും മത്സരക്രമം.

2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്. അതേസമയം, ലോകകപ്പിന്റെ ട്രോഫി ടൂറിന് തുടക്കമായി. സെപ്റ്റംബര്‍ നാലിന് ട്രോഫി ഇന്ത്യയില്‍ തിരിച്ചെത്തും. പാപുവ ന്യൂ ഗിനിയ, അമേരിക്ക, കുവൈറ്റ്, ഫ്രാന്‍സ്, ഉഗാണ്ട, നൈജിരിയ എന്നിവയടക്കം ലോകകപ്പ് പതിനെട്ട് രാജ്യങ്ങളിലൂടെ പ്രയാണം നടത്തും. ക്രിക്കറ്റിന് ആഗോള പ്രചാരം നല്‍കുകയാണ് ട്രോഫി ടൂറിന്റെ ലക്ഷ്യം. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ലോകകപ്പ് നടക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/125403/greenfield-too-to-prepare-for-world-cupindia-pakistan-fight-in-ahmedabad)