---
title: "തലശേരിയിൽ ലഹരിമൂത്ത് നടുറോഡിൽ യുവാവിന്റെ വിളയാട്ടം ;  ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് 5 പേർക്ക് പരിക്ക് "
english_title: "In Thalassery, Laharimooth, the young man's lantern festival in the middle of the road;5 people injured after being hit by a helmet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/124718/in-thalassery-laharimooth-the-young-mans-lantern-festival-in-the-middle-of-the-road5-people-injured-after-being-hit-by-a-helmet"
published_at: "2023-06-24T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496b20227cdd_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ ലഹരിമൂത്ത് നടുറോഡിൽ യുവാവിന്റെ വിളയാട്ടം ;  ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് 5 പേർക്ക് പരിക്ക് 

> **Lead Summary:** **തലശേരി:** സുഹൃത്തിന്റെ കാറിലെത്തിയ യുവാവ് പൊടുന്നനെ പ്രകോപിതനായി നടുറോഡിലിറങ്ങി കണ്ണിൽ കണ്ടവരെയെല്ലാം മർദ്ദിച്ചു. ഇന്നലെ അർദ്ധരാത്രിയോടടുത്ത സമയത്താണ് തലശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം സമനില തെറ്റിയ രീതിയിൽ വടക്കുമ്പാട് സ്വദേശിയായ യു വാവിന്റെ പരാക്രമം നടന്നത്. സമീപത്തുണ്ടായ ബൈക്കുകാരന്റെ ഹെൽമറ്റ് കൈക്കലാക്കി അതുപയോഗിച്ചായിരുന്നു അഴിഞ്ഞാട്ടം.

## Article Content

**തലശേരി:** സുഹൃത്തിന്റെ കാറിലെത്തിയ യുവാവ് പൊടുന്നനെ പ്രകോപിതനായി നടുറോഡിലിറങ്ങി കണ്ണിൽ കണ്ടവരെയെല്ലാം മർദ്ദിച്ചു. ഇന്നലെ അർദ്ധരാത്രിയോടടുത്ത സമയത്താണ് തലശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം സമനില തെറ്റിയ രീതിയിൽ വടക്കുമ്പാട് സ്വദേശിയായ യു വാവിന്റെ പരാക്രമം നടന്നത്. സമീപത്തുണ്ടായ ബൈക്കുകാരന്റെ ഹെൽമറ്റ് കൈക്കലാക്കി അതുപയോഗിച്ചായിരുന്നു അഴിഞ്ഞാട്ടം.

അതുവഴി പോയവർക്കും നോക്കി നിന്നവർക്കും കാര്യം അന്വേഷിച്ച വർക്കുമെല്ലാം അടിയേറ്റു. അഞ്ചോളം പേർക്ക് പരിക്കേറ്റുവെന്നാ ണ് വിവരം. ഇവർ തലശേരി ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി.

സംഭവവുമായി ബന്ധപ്പെട്ട് വടക്കുമ്പാട്ടെ കുന്നിന് മീത്തൽ മുഷ്താഖിനെ (35) പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 308 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തു. സഞ്ചരിച്ച കാറിന്റെ പിന്നിൽ നിന്നും ബൈക്കുകാരൻ ഇടക്കിടെ ഹോൺ മുഴക്കിയതാണ് മുഷ്താഖിനെ അലോ സരപ്പെടുത്തിയത്.

ഇയാൾ ലഹരിയിലായിരുന്നെന്നും പോലീസ് സൂചിപ്പിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള മുഷ്താഖ് നേരത്തെ തലശ്ശേരി കോടതിക്കടുത്തുള്ള ഒരു വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/124718/in-thalassery-laharimooth-the-young-mans-lantern-festival-in-the-middle-of-the-road5-people-injured-after-being-hit-by-a-helmet)