---
title: " പൊയിലൂരിലെ കോൺഗ്രസ് പ്രവർത്തകൻ അന്തരിച്ച  കുഞ്ഞിക്കണ്ണൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി കോൺഗ്രസ് കമ്മിറ്റി"
english_title: "The Congress committee has built a house for the family of the deceased Congress worker Kunhikannan of Poilur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/123604/the-congress-committee-has-built-a-house-for-the-family-of-the-deceased-congress-worker-kunhikannan-of-poilur"
published_at: "2023-06-20T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490f7c1424b9_Untitled-3_copy.jpg"
keywords: []
---

#  പൊയിലൂരിലെ കോൺഗ്രസ് പ്രവർത്തകൻ അന്തരിച്ച  കുഞ്ഞിക്കണ്ണൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി കോൺഗ്രസ് കമ്മിറ്റി

> **Lead Summary:** **പാനൂർ :** ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് കടക്ക് പുറത്ത് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് ജയിൽ കാണിച്ച് കടക്കകത്ത് എന്നാണ് പറയുന്നതെന്ന് കെ.മുരളീധരൻ എം പി.

## Article Content

**പാനൂർ :** ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് കടക്ക് പുറത്ത് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് ജയിൽ കാണിച്ച് കടക്കകത്ത് എന്നാണ് പറയുന്നതെന്ന് കെ.മുരളീധരൻ എം പി.

അന്തരിച്ച പൊയിലൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന പെരിയാറമ്പത്ത് പള്ളിക്കണ്ടി കുഞ്ഞിക്കണ്ണൻ്റെ കുടുംബത്തിന് പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച് നൽകിയ സബർമതി സ്നേഹ വീടിൻ്റെ താക്കോൽ കൈമാറി സംസാരിക്കുകയായിരുന്നു എം പി. കെ പി സി സി പ്രസിഡൻ്റിനെ പോലും കള്ളക്കേസിൽ കുടുക്കുകയാണ്. പിടിക്കേണ്ട വരെ പിടിക്കുന്നില്ല.

വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ മുൻ എസ്.എഫ്.ഐ നേതാവിനെ 13 ദിവസമായിട്ടും പിടികൂടാനായിട്ടില്ല. വീരപ്പനെ പിടിക്കാൻ പോലും ഇത്ര പ്രയാസമുണ്ടായിട്ടില്ല. എസ്എഫ്ഐ യിൽ ചേർന്നാൽ പരീക്ഷയെഴുതാതെ പാസാകാം.

ബി.കോം തോറ്റയാൾക്ക് എം കോമിന് പഠിക്കാം. അതൊരു ഭാഗ്യമാണ്. പരീക്ഷ എഴുതാനൊ, ടെൻഷനടിക്കാനൊ വേണ്ടെന്നും എം പി പരിഹസിച്ചു. ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് മാധ്യമ പ്രവർത്തകരോട് കടക്കു പുറത്ത് എന്നാണ് പറഞ്ഞത്. രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് ജയിൽ കാണിച്ച് കടക്കകത്ത് എന്നാണ് പറയുന്നത്. ഘടകകക്ഷിയായ ശ്രേയാംസ് കുമാറിൻ്റെ പത്രത്തിന് പോലും രക്ഷയില്ലെന്നും കെ.മുരളിധരൻ പറഞ്ഞു.

കുഞ്ഞിക്കണ്ണൻ്റെ ഭാര്യ കോമള സബർമതി സ്നേഹ വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങി.10 ലക്ഷം രൂപ ഉപയോഗിച്ചാണ് വീട് പണി പൂർത്തിയാക്കിയത്. പൊയിലൂർ മണ്ഡലം പ്രസിഡണ്ട് വി. വിപിൻ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി സാജു, സന്തോഷ് കണ്ണം വള്ളി, യുഡിഎഫ് കൺവീനർ വി.സുരേന്ദ്രൻ, പി.കൃഷ്ണൻ മാസ്റ്റർ, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ തങ്കമണി, ബാലൻ കൊള്ളുമ്മൽ, അത്തോളിൽ വാസു, പി വി കുഞ്ഞിക്കണ്ണൻ, കെ. സുരേഷ് ബാബു, വി പി സാവിത്രി, ടി. സായന്ത് എന്നിവർ സംസാരിച്ചു.

കെ.കെ ദിനേശൻ സ്വാഗതവും, എം കെ രാജൻ നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും എം പി കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/123604/the-congress-committee-has-built-a-house-for-the-family-of-the-deceased-congress-worker-kunhikannan-of-poilur)