---
title: "പൊലീസ് ഉറങ്ങരുത്; പാനൂരിൽ പച്ചക്കറി കടക്ക് നേരെ അക്രമം ; സമഗ്ര അന്വേഷണം വേണം - വ്യാപാരി സമിതി"
english_title: "Police do not sleep; Violence against vegetable shop in Panoor; A thorough investigation is needed - Traders' Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/122109/police-do-not-sleep-violence-against-vegetable-shop-in-panoor-a-thorough-investigation-is-needed-traders-committee"
published_at: "2023-06-13T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64885d6ea1b58_vyapari_samithi.jpg"
keywords: []
---

# പൊലീസ് ഉറങ്ങരുത്; പാനൂരിൽ പച്ചക്കറി കടക്ക് നേരെ അക്രമം ; സമഗ്ര അന്വേഷണം വേണം - വ്യാപാരി സമിതി

> **Lead Summary:**  **പാനൂർ:** കഞ്ചാവ് - മയക്ക് മരുന്ന് സംഘം അഴിഞ്ഞാടുന്ന പാനൂർ ടൗണിൽ പൊലീസ് രാത്രി കാല പട്രോളിംഗ് നടത്തണമെന്നും നൈറ്റ് ഡ്യൂട്ടിയിലുള്ളവർ വാഹനം നിർത്തി ഉറങ്ങരുതെന്നും വ്യാപാരി വ്യവസായി സമിതി നേതാക്കൾ.

## Article Content

 **പാനൂർ:** കഞ്ചാവ് - മയക്ക് മരുന്ന് സംഘം അഴിഞ്ഞാടുന്ന പാനൂർ ടൗണിൽ പൊലീസ് രാത്രി കാല പട്രോളിംഗ് നടത്തണമെന്നും നൈറ്റ് ഡ്യൂട്ടിയിലുള്ളവർ വാഹനം നിർത്തി ഉറങ്ങരുതെന്നും വ്യാപാരി വ്യവസായി സമിതി നേതാക്കൾ.

പാനൂരിൽ പച്ചക്കറി കടക്ക് നേരെ അക്രമം നടത്തിയത് തെരുവ് നായ്ക്കളെന്ന പൊലീസ് വാദം പൊള്ളയാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കണം.

വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.മോഹനന്റെ വ്യാപാര സ്ഥാപനത്തിന് നേരെയാണ് ചെവ്വാഴ്ച അർധരാത്രിയിൽ അക്രമംനടന്നത്. പാനൂരിൽ വ്യാപാര വ്യവസായി സമിതി നേതാവിൻ്റെ കടക്കുനേരെ അക്രമമുണ്ടായതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി.

വ്യാപാര വ്യവസായി സമിതി ഏരിയാ സെക്രട്ടറി പി കെ.ബാബു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് പി സജീവൻ അധ്യക്ഷനായി. ഏരിയാ വൈസ് പ്രസിഡണ്ട് ഒ.സി നവീൻചന്ദ്, യൂണിറ്റ് സെക്രട്ടറി യൂസഫ് ജമൈക്ക എന്നിവർ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഭാസ്ക്കരൻ, കെ.മോഹനൻ, അസ്ക്കർ കക്കണ്ടിയിൽ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. പാനൂർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയംഗവുമായ കെ.മോഹനൻ്റെ കെ.എം വെജിറ്റബിൾ എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്.

കടയുടെ പുറത്ത് തട്ടുകളിലാക്കി സൂക്ഷിച്ച് വച്ചിരുന്ന പച്ചക്കറികൾ നിലത്തേക്ക് തള്ളിയിട്ട് നശിപ്പിക്കുകയായിരുന്നു. 12,000 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പാനൂർ പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/122109/police-do-not-sleep-violence-against-vegetable-shop-in-panoor-a-thorough-investigation-is-needed-traders-committee)