---
title: "തെരുവുനായയുടെ കടിയേറ്റുള്ള നിഹാലിൻ്റെ മരണം ;  സർക്കാർ ഒന്നാം പ്രതിയാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ മിഷൻ."
english_title: "Nihal's death due to the bite of a stray dog;The Human Rights Protection Mission says that the government is the first defendant."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121803/nihals-death-due-to-the-bite-of-a-stray-dogthe-human-rights-protection-mission-says-that-the-government-is-the-first-defendant"
published_at: "2023-06-12T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486f133823c7_Untitled-2_copy.jpg"
keywords: []
---

# തെരുവുനായയുടെ കടിയേറ്റുള്ള നിഹാലിൻ്റെ മരണം ;  സർക്കാർ ഒന്നാം പ്രതിയാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ മിഷൻ.

> **Lead Summary:** **തലശ്ശേരി :** മുഴപ്പിലങ്ങാട് ഓട്ടിസം ബാധിച്ച നിഹാൽ നൗഷാദിനെ തെരുവ് നായകൾ കടിച്ച് കീറി കൊന്ന സംഭവത്തിൽ സർക്കാർ ഒന്നാം പ്രതിയാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ.മനീഷ് കുറ്റപ്പെടുത്തി.തികച്ചും വേദനാജനകമായ സംഭവമാണ് കണ്ണൂർ മുഴപ്പിലങ്ങാട് നടന്നത്.

## Article Content

**തലശ്ശേരി :** മുഴപ്പിലങ്ങാട് ഓട്ടിസം ബാധിച്ച നിഹാൽ നൗഷാദിനെ തെരുവ് നായകൾ കടിച്ച് കീറി കൊന്ന സംഭവത്തിൽ സർക്കാർ ഒന്നാം പ്രതിയാണെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് കൺവീനർ ഇ.മനീഷ് കുറ്റപ്പെടുത്തി.തികച്ചും വേദനാജനകമായ സംഭവമാണ് കണ്ണൂർ മുഴപ്പിലങ്ങാട് നടന്നത്.

ഒന്ന് നിലവിളിക്കാൻ പോലും സാധിക്കാത്ത ആ കുരുന്നിനെ നായകൾ കടിച്ചുകീറി കൊന്നതിന് കാരണക്കാർ തദ്ദേശ സ്വയംഭരണ വകുപ്പാണ്. തെരുവ് നായ ശല്യത്തിന് വന്ധ്യംകരണം അടക്കമുള്ള ശാസ്ത്രീയ നടപടികൾ കൈകൊള്ളാതെ സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാവുകയാണ്.

സുപ്രീം കോടതി നിർദ്ദേശിച്ച അന്വേഷണ കമ്മീഷൻ ഇവിടെ എന്താണ് ചെയ്തത്? സംസ്ഥാനത്ത് എത്ര ജീവനുകൾ നായയുടെ അക്രമത്തിൽ പൊലിഞ്ഞു. വീട്ടിലും, നാട്ടിലും മനുഷ്യർക്ക് ജീവിക്കാൻ പറ്റാത്ത ദുർഘട സാഹചര്യം സൃഷ്ടിക്കപ്പട്ടിരിക്കുകയാണ്.

ഇത് മനുഷ്യാവകാശ ലംഘനമാണ്.ഇതിനെതിരെ ശക്തമായ നിയമ, സമരപരിപാടികൾ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ തയ്യാറാകും. വാർഡ്തലങ്ങളും നായ ശല്യത്തിനെതിരെ ജാഗ്രത സമിതികൾ രൂപീകരിച്ച് പ്രവർത്തനം ഊർജിതമാക്കണം,

അതോടൊപ്പം കൊല്ലപ്പെട്ട നിഹാലിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവുകയും വേണമെന്ന് ഇ.മനീഷ് സർക്കാറിനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121803/nihals-death-due-to-the-bite-of-a-stray-dogthe-human-rights-protection-mission-says-that-the-government-is-the-first-defendant)