---
title: "വീണ്ടും ഗ്രൂപ്പ് കളികൾക്ക് തുടക്കമിട്ട് കോൺഗ്രസ് ; പാനൂരിൽ സുധാകരപക്ഷത്തിൻ്റെ രഹസ്യ യോഗം"
english_title: "Congress started group games again;Secret meeting of Sudhakarapaksha in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/121438/congress-started-group-games-againsecret-meeting-of-sudhakarapaksha-in-panur"
published_at: "2023-06-11T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485551be12dd_Untitled-1_copy.jpg"
keywords: []
---

# വീണ്ടും ഗ്രൂപ്പ് കളികൾക്ക് തുടക്കമിട്ട് കോൺഗ്രസ് ; പാനൂരിൽ സുധാകരപക്ഷത്തിൻ്റെ രഹസ്യ യോഗം

> **Lead Summary:** **പാനൂർ : ** വീണ്ടും ഗ്രൂപ്പ് കളികൾക്ക് തുടക്കമിട്ട് കോൺഗ്രസ്. പാനൂരിൽ സുധാകരപക്ഷത്തിൻ്റെ രഹസ്യ യോഗം ബ്ലോക്ക് പ്രസിഡൻറുമാരുടെ പുന:സംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുന്നു.

## Article Content

**പാനൂർ : ** വീണ്ടും ഗ്രൂപ്പ് കളികൾക്ക് തുടക്കമിട്ട് കോൺഗ്രസ്. പാനൂരിൽ സുധാകരപക്ഷത്തിൻ്റെ രഹസ്യ യോഗം ബ്ലോക്ക് പ്രസിഡൻറുമാരുടെ പുന:സംഘടനയെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുന്നു.

പുന:സംഘടനയിൽ സുധാകരപക്ഷം കനത്ത മേൽക്കൈയാണ് നേടിയത്. ഈ മേൽക്കൈ യൂത്ത് കോൺഗ്രസ് ഭാരവാഹിത്വത്തിലും നിലനിർത്താനാണ് ഐ ഗ്രൂപ്പിൻ്റെ ലക്ഷ്യം. ഈ 14 ആണ് യൂത്ത് കോൺഗ്രസ് ഭാരവാഹികളായി മത്സരിക്കുന്നവർക്ക് നോമിനേഷൻ നൽകാനുള്ള അവസാന തീയതി. ഈ കാര്യങ്ങളൊക്കെ ചർച്ച ചെയ്യാനാണ് കഴിഞ്ഞ ദിവസം രാത്രി 9 ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ഐ ഗ്രൂപ്പ് യോഗം ചേർന്നത്.

സുധാകര ഗ്രുപ്പുകാരായ കെ.പി സാജു, ജലീൽ മാസ്റ്റർ, കെ.പി രാമചന്ദ്രൻ, ഒ ടി നവാസ്, വിജേഷ് കടവത്തുർ, കോൺഗ്രസിന്റെയും, യൂത്ത് കോൺഗ്രസിന്റെയും മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ ഭാരവാഹികൾ, എന്നിവരടക്കം 60 ഓളം പേർ യോഗത്തിൽ പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പിൽ ഏത് വിധേനയും മേൽക്കൈ നേടി ജില്ല പിടിച്ചെടുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. നിലവിൽ എ ഗ്രൂപ്പ് കണ്ണൂർ ജില്ലയിൽ നിശ്ചലമാണ്.

കഴിഞ്ഞ ദിവസം ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് വിളിച്ചു ചേർത്ത ബ്ലോക്ക് പ്രസിഡൻ്റുമാരുടെ യോഗത്തിൽ എ ഗ്രൂപ്പിൻ്റെ പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. ഇങ്ങനെ പോകുകയാണെങ്കിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് 2004 ലെ അവസ്ഥയായിരിക്കുമെന്ന് കെ.മുരളീധരൻ എം പി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/121438/congress-started-group-games-againsecret-meeting-of-sudhakarapaksha-in-panur)