---
title: "പാനൂർ നഗരസഭയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ നാളെ കെ.പി മോഹനൻ എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് ; എൽ ഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി നഗരസഭാ ചെയർമാൻ"
english_title: "March to KP Mohanan MLA's camp office tomorrow against the government's neglect of Panur Municipal Corporation;Chairman of Municipal Corporation strongly criticized LDF"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/119064/march-to-kp-mohanan-mlas-camp-office-tomorrow-against-the-governments-neglect-of-panur-municipal-corporationchairman-of-municipal-corporation-strongly-criticized-ldf"
published_at: "2023-06-02T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a1025c97a5_Untitled-1_copy.jpg"
keywords: []
---

# പാനൂർ നഗരസഭയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ നാളെ കെ.പി മോഹനൻ എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് ; എൽ ഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി നഗരസഭാ ചെയർമാൻ

> **Lead Summary:** **പാനൂർ.:** പാനൂർ നഗരസഭയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയും, നഗരസഭയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിനെതിരെയും യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. നാളെ രാവിലെ 10 മണിക്ക് കെ.പി മോഹനൻ എം എൽ എയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. കെ. മുരളീധരൻ എം പി മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**പാനൂർ.:** പാനൂർ നഗരസഭയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയും, നഗരസഭയിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തതിനെതിരെയും യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. നാളെ രാവിലെ 10 മണിക്ക് കെ.പി മോഹനൻ എം എൽ എയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും. കെ. മുരളീധരൻ എം പി മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാനൂർ നഗരസഭയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വർദ്ധിപ്പിച്ച കെട്ടിട നികുതി, പെർമിറ്റ് ഫീസ്,അപേക്ഷാഫീസ് പിൻവലിക്കുക, നഗരസഭയിൽ ആവശ്യമയ ജീവനക്കാരെ അനുവദിക്കുക പാനൂർ പ്രഥമിക ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി പുതിയ കെട്ടിടം പണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ പി മോഹനൻ എം എൽ എ യുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. പാനൂർ ലീഗ് ഓഫീസിൽ നിന്നുമാണ് മാർച്ച് ആരംഭിക്കുക. കരിയാട്, പെരിങ്ങളം, പാനൂർ പഞ്ചായത്തുകൾ കൂടി ചേർന്ന് രൂപം കൊണ്ട പാനൂർ നഗരസഭയിൽ 25,000ത്തോളം കെട്ടിടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവ ഉള്ള വലിയ നഗര സഭയാണ് പാനൂർ.

നിലവിൽ ജീവനക്കാരില്ലാത്ത അവസ്ഥയാണ്. 40 വാർഡുള്ള നഗരസഭയിലെ പൊതുമരാമത്ത് വകുപ്പിന് കോടിക്കണക്കിന് രൂപ നീക്കി വെക്കുമ്പോൾ അത് നടപ്പിലാക്കാൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതിനാൽ പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ലെന്ന് പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ കുറ്റപ്പെടുത്തി. ഇത്രയും വലിയ നഗരസഭയിൽ ആകെയുള്ളത് 3 സർവേയർമാരാണ്.

പല തവണ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയതാണിത്. ഒന്നും നടന്നില്ല. യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയെല്ലാം സ്ഥിതിയാണിത്. രാഷ്ട്രീയ വിരോധം വച്ചു പുലർത്തുകയാണിവർ. കേട്ടുകേൾവിയില്ലാത്ത വർധനയാണ് കെട്ടിട നികുതിയിൽ ഉണ്ടായത്. ലോണെടുത്ത് വീടുവയ്ക്കുന്ന സ്ഥിതിക്ക് പകരം കെട്ടിട നിർമ്മാണ പെർമിറ്റിന് ലോൺ എടുക്കേണ്ട അവസ്ഥയാണ്.

പൊതുജനത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണിതെന്നും ചെയർമാൻ പറഞ്ഞു. സംസ്ഥാന സർക്കാർ പരിഷ്ക്കരിച്ച നികുതി വർധനവ് സാധാരണക്കാരന് താങ്ങാൻ പറ്റാത്തതാണെന്നും, നികുതി വർധനയിൽ എൽഡിഎഫിന് ഇരട്ടത്താപ്പാണെന്നും വി.സുരേന്ദ്രൻ മാസ്റ്റർ കുറ്റപ്പെടുത്തി. പാനൂർ താലൂക്കാശുപത്രിക്ക് വേണ്ടി പണം പിരിച്ചതിന് ശേഷം ഒരു നീക്കവുണ്ടായില്ല. ആരാണ് ആശുപത്രി നിർമ്മാണത്തിന് എതിരു നിൽക്കുന്നത്. അതറിയാൻ പൊതുജനത്തിനധികാരമുണ്ടെന്നും സുരേന്ദ്രൻ മാസ്റ്റർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പിപിഎ സലാം, ഷാഹുൽ ഹമീദ്, എം എം രാജേഷ്, ടി.ടി രാജൻ, ആവോലം ബഷീർ എന്നിവർ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/119064/march-to-kp-mohanan-mlas-camp-office-tomorrow-against-the-governments-neglect-of-panur-municipal-corporationchairman-of-municipal-corporation-strongly-criticized-ldf)