---
title: "കണ്ണൂരിൽ വീട് കുത്തി തുറന്ന് പട്ടാപ്പകൽ കവർച്ച; 20 പവനും, 22,000 രൂപയും നഷ്ടപ്പെട്ടു"
english_title: "A house was broken into in broad daylight in Kannur;20 Pawan and lost Rs.22,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/117840/a-house-was-broken-into-in-broad-daylight-in-kannur20-pawan-and-lost-rs22000"
published_at: "2023-05-29T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64741b33926a3_1f036212-1c7e-4efc-9ab5-d942b71bd0e3_copy.jpg"
keywords: []
---

# കണ്ണൂരിൽ വീട് കുത്തി തുറന്ന് പട്ടാപ്പകൽ കവർച്ച; 20 പവനും, 22,000 രൂപയും നഷ്ടപ്പെട്ടു

> **Lead Summary:** കണ്ണൂർ: ഇരിട്ടിക്കടുത്ത് പടിയൂർ പഞ്ചായത്തിലെ കല്ലുവയലിൽ വീട് കുത്തി തുറന്ന് പട്ടാപ്പകൽ കവർച്ച. 20 പവനും, 22,000 രൂപയും നഷ്ടമായി. കല്ലുവയൽ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താൻകുന്നേൽ ബെന്നി ജോസഫിന്റെ വീട്ടിലാണ് കവർച്ച. ഞായറാഴ്ച രാവിലെ 7.15 ന് ശേഷമാണ് കവർച്ച നടന്നത്. ബെന്നി ജോസഫും കുടുംബവും സമീപത്തെ ദേവാലയത്തിൽ പോയി 9.15 ന് തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ കതകുകൾ തുറന്നിട്ട നിലയിൽ കാണുന്നത്. അകത്ത് കയറി നോക്കിയപ്പോൾ രണ്ട് മുറികളിലെയും അലമാറുകൾ കുത്തിതുറന്നിട്ട നിലയിലായിരുന്നു.

## Article Content

കണ്ണൂർ: ഇരിട്ടിക്കടുത്ത് പടിയൂർ പഞ്ചായത്തിലെ കല്ലുവയലിൽ വീട് കുത്തി തുറന്ന് പട്ടാപ്പകൽ കവർച്ച. 20 പവനും, 22,000 രൂപയും നഷ്ടമായി. കല്ലുവയൽ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താൻകുന്നേൽ ബെന്നി ജോസഫിന്റെ വീട്ടിലാണ് കവർച്ച. ഞായറാഴ്ച രാവിലെ 7.15 ന് ശേഷമാണ് കവർച്ച നടന്നത്. ബെന്നി ജോസഫും കുടുംബവും സമീപത്തെ ദേവാലയത്തിൽ പോയി 9.15 ന് തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ കതകുകൾ തുറന്നിട്ട നിലയിൽ കാണുന്നത്. അകത്ത് കയറി നോക്കിയപ്പോൾ രണ്ട് മുറികളിലെയും അലമാറുകൾ കുത്തിതുറന്നിട്ട നിലയിലായിരുന്നു.

നിരീക്ഷണ ക്യാമറ പരിശോധിക്കാനായി നോക്കുമ്പോൾ ഡിവിആറും മോഷ്ടാവ് കൊണ്ടുപോയതായി കണ്ടെത്തി. പുറകുവശത്തെ ക്യാമറ തകർത്ത നിലയിലുമാണ്. ഉടൻതന്നെ പോലീസിൽ വിവരമറിക്കുകയും ഇരിക്കൂർ പ്രിൻസിപ്പൽ എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. 20 പവനും ഇരുപത്തിരണ്ടായിരത്തോളം രൂപയും മോഷണം പോയതായി ബെന്നി ജോസഫ് പറഞ്ഞു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/117840/a-house-was-broken-into-in-broad-daylight-in-kannur20-pawan-and-lost-rs22000)