---
title: "താനൂർ ബോട്ട് ദുരന്തം ; ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്ന് സ്രാങ്ക്  ദിനേശൻ."
english_title: "Tanur Boat Tragedy;Srank Dinesan said that the violations were committed with the knowledge and consent of the owner Nasser."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/114053/tanur-boat-tragedysrank-dinesan-said-that-the-violations-were-committed-with-the-knowledge-and-consent-of-the-owner-nasser"
published_at: "2023-05-11T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645c986fc0a1d_Untitled-1_copy.jpg"
keywords: []
---

# താനൂർ ബോട്ട് ദുരന്തം ; ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്ന് സ്രാങ്ക്  ദിനേശൻ.

> **Lead Summary:** താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.

## Article Content

താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ കൂടി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിമാൻഡിലുള്ള ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്താൻ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയാൻ നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.

അറസ്റ്റിലായ ബോട്ട് സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, താനൂരിൽ അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ച് സര്‍ക്കാര്‍ രം​ഗത്തെത്തിയിട്ടുണ്ട്. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/114053/tanur-boat-tragedysrank-dinesan-said-that-the-violations-were-committed-with-the-knowledge-and-consent-of-the-owner-nasser)