---
title: "ബോംബ് നിർമ്മാണവും, പൊട്ടിക്കലും ;  ഒളിവിലുള്ള വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹരജി തലശേരി കോടതി തള്ളി"
english_title: "Bomb making and detonation;The Thalassery court rejected the anticipatory bail plea of absconding students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113674/bomb-making-and-detonationthe-thalassery-court-rejected-the-anticipatory-bail-plea-of-absconding-students"
published_at: "2023-05-09T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a668625e9c_Untitled-1_copy.jpg"
keywords: []
---

# ബോംബ് നിർമ്മാണവും, പൊട്ടിക്കലും ;  ഒളിവിലുള്ള വിദ്യാർത്ഥികളുടെ മുൻകൂർ ജാമ്യ ഹരജി തലശേരി കോടതി തള്ളി

> **Lead Summary:** തലശേരി: ബോംബ് നിർമിക്കുകയും റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന മൂന്ന് വിദ്യാർത്ഥികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാകോടതി (നാല്) ജഡ്ജി ജെ.വിമൽ തള്ളി. കേസിലെ ഒന്നാം പ്രതി മുഴപ്പിലങ്ങാട് കൂടക്കടവ് വിവേകാനന്ദ നഗറിൽ താമസിക്കുന്ന തലശ്ശേരി ചാൽ സ്വദേശി വേലിക്കകത്ത് ബി.വി.ധനുഷ് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് റിമാൻറിലാണുള്ളത്. മോഹനൻപീടിക വിവേകാനന്ദ നഗറിൽ എപ്രിൽ 20-ന് വൈകിട്ടാണ് സംഭവം.

## Article Content

തലശേരി: ബോംബ് നിർമിക്കുകയും റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന മൂന്ന് വിദ്യാർത്ഥികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാകോടതി (നാല്) ജഡ്ജി ജെ.വിമൽ തള്ളി. കേസിലെ ഒന്നാം പ്രതി മുഴപ്പിലങ്ങാട് കൂടക്കടവ് വിവേകാനന്ദ നഗറിൽ താമസിക്കുന്ന തലശ്ശേരി ചാൽ സ്വദേശി വേലിക്കകത്ത് ബി.വി.ധനുഷ് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് റിമാൻറിലാണുള്ളത്. മോഹനൻപീടിക വിവേകാനന്ദ നഗറിൽ എപ്രിൽ 20-ന് വൈകിട്ടാണ് സംഭവം.

രണ്ടു മുതൽ നാലുവരെ കുറ്റാരോപിതരാണ്  മുൻകൂർജാമ്യാപേക്ഷ നൽകിയിരുന്നത്.. തെങ്ങിനോട് ചേർന്ന് നിന്ന് ബോംബ് നിർമിക്കുന്നതും ബോംബ് പൊട്ടിക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. എക്സ് പ്ലോസീവ് ആക്ട് (3,5,) പ്രകാരമാണ് കേസ്. ജില്ലയിൽ ഒരുമാസത്തിനിടെ രണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ ബോംബ് നിർമാണത്തിനിടെ രണ്ടു പേർക്ക് കൈ നഷ്ടമായതിനാൽ പ്രതികൾക്ക് മുൻകുർജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.കണ്ണൂർ ജില്ലയിൽ ബോംബ് പൊട്ടി യുവാക്കൾക്ക് അംഗവൈകല്യം സംഭവിക്കുകയും ജീവൻ നഷ്ടമാകുകയും ചെയ്യുന്ന സംഭവങ്ങളുള്ളതായി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ കോടതിയെ ബോധിപ്പിച്ചതും മുൻകൂർ ജാമ്യം നിഷേധിക്കാൻ കാരണമായി.ബോംബ് പൊട്ടിക്കുന്നത് ചിത്രീകരിച്ച ദൃശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതികൾ വിദ്യാർഥികളാണെന്നും സംഭവത്തിൽ പങ്കില്ലെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. എടക്കാട് പോലീസാണ് കേസന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113674/bomb-making-and-detonationthe-thalassery-court-rejected-the-anticipatory-bail-plea-of-absconding-students)