---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടപ്രകാരം"
english_title: "Kottiur Vaisakha Mahotsavam is completely under green rules"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/110867/kottiur-vaisakha-mahotsavam-is-completely-under-green-rules"
published_at: "2023-04-25T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644780251afee_Untitled-1_copy.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടപ്രകാരം

> **Lead Summary:**  കൊട്ടിയൂർ : ജൂൺ ഒന്നുമുതൽ ജൂൺ 28 വരെ നടക്കുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടമനുസരിച്ച് സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗത്തിൽ തീരുമാനമായി. കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി. ഉത്സവ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കാൻ പേരാവൂർ തഹസിൽദാരെ ചുമതലപ്പെടുത്തി.

## Article Content

 കൊട്ടിയൂർ : ജൂൺ ഒന്നുമുതൽ ജൂൺ 28 വരെ നടക്കുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടമനുസരിച്ച് സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗത്തിൽ തീരുമാനമായി. കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി. ഉത്സവ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കാൻ പേരാവൂർ തഹസിൽദാരെ ചുമതലപ്പെടുത്തി.

കഴിഞ്ഞതവണത്തെ ശുചീകരണവുമായി ബന്ധപ്പെട്ട് ഹരിത കർമസേനയ്ക്ക് നൽകാനുള്ള വേതന കുടിശ്ശിക മുഴുവൻ ഉത്സവത്തിനുമുൻപ് കൊടുക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു. താത്ക്കാലിക കച്ചവടക്കാരുമായുള്ള കരാറിൽ മാലിന്യ നിർമാർജന നിബന്ധനകൾ ഉൾപ്പെടുത്തും. അക്കരെ കൊട്ടിയൂരിനൊപ്പം ഇക്കരെ കൊട്ടിയൂരിലും അന്നദാനം ഏർപ്പെടുത്തും. വഴിപാടുകൾക്കും പ്രസാദ വിതരണത്തിനുമായി അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, നടുക്കുനി, കിഴക്കേ നട, മന്ദംചേരി എന്നിവിടങ്ങളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും. നിലവിലുള്ള പാർക്കിങ് യാർഡുകൾക്ക് പുറമെ പാമ്പറപ്പാനിലെയും ദേവസ്വം ഓഫീസിന് പിറകിലെയും പാർക്കിങ് യാർഡ് വിപുലീകരിക്കും. ദേവസ്വം പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള വഴിക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള 67.5 സെന്റ് പാട്ടത്തിനോ വില്പനയ്ക്കോ ലഭ്യമാക്കുന്നതിന് സ്ഥലമുടമകളുമായി സംസാരിക്കാൻ ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളെ യോഗം ചുമതലപ്പെടുത്തി. കുടിവെള്ള വിതരണത്തിനായി ദേവസ്വത്തിന്റെ എട്ട് കിണറുകൾ ഉപയോഗപ്പെടുത്തും. സ്നാനഘട്ടം കിണർ ആഴംകൂട്ടി ജലലഭ്യത ഉറപ്പാക്കി.

ടാങ്ക് വൃത്തിയാക്കൽ, ക്ലോറിനേഷൻ എന്നിവ പൂർത്തീകരിച്ചു. കൂടുതൽ താമസസൗകര്യങ്ങളും ഒരുക്കി. ഭക്തജന സുരക്ഷയ്ക്കായി 100 വിമുക്തഭടന്മാർ ഉൾപ്പെടെ 400 വൊളന്റിയർമാരെ നിയോഗിക്കും. പുതുതായി 25 ശൗചാലയങ്ങൾ നിർമിച്ചു. ആരോഗ്യസേവനം ഉറപ്പാക്കും : തീർഥാടകരുടെ ആരോഗ്യപരിപാലനത്തിനായി കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും കിഴക്കേ നടയിലെ ആരോഗ്യ ക്ലിനിക്കിനൊപ്പം പടിഞ്ഞാറെ നടയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ഡി.എം.ഒ.യ്ക്ക് യോഗം നിർദേശം നൽകി.

ഉത്സവ നഗരിക്കും ഒരു കിലോമീറ്റർ ചുറ്റളവിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. അക്കരെ കൊട്ടിയൂരിലും ഇക്കരെ കൊട്ടിയൂരിലുമായി നാൽപതിലേറെ അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും. അഗ്നിസുരക്ഷാസേനയുടെ സേവനവും ഉപയോഗപ്പെടുത്തും. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ഷാജി പൊട്ടയിൽ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്‌മണ്യൻ നായർ, ദേവസ്വം അസി.കമ്മീഷണർ എൻ.കെ. ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ കെ. നാരായണൻ, ട്രസ്റ്റിമാരായ എൻ. പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എ.ഡി.എം. കെ.കെ. ദിവാകരൻ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പ്രത്യേക കെ.എസ്.ആർ.ടി.സി. സർവീസ് : ഉത്സവകാലത്ത് കെ.എസ്. ആർ.ടി.സി. പ്രത്യേക സർവീസ് നടത്താൻ ധാരണയായി. ഉത്സവനഗരിയിൽ കൂടുതൽ വനിതാ സിവിൽ പോലീസ് ഓഫീസർമാരെ നിയോഗിക്കും. പാർക്കിങ് യാർഡുകളിൽ പഞ്ചായത്ത് വക കുടിവെള്ള വിതരണമൊരുക്കും. എക്സൈസ് വകുപ്പ് ലഹരിവിരുദ്ധ പരിശോധനകൾ കർശനമാക്കും. വൈദ്യുതി വിതരണം സുഗമമാക്കാൻ കെ.എസ്.ഇ.ബി. അധിക ജീവനക്കാരെ നിയോഗിക്കും. ക്ഷേത്രനഗരി യാചകനിരോധിത മേഖലയായി പ്രഖ്യാപിക്കാനും ഇക്കാര്യം നടപ്പാക്കാൻ പോലീസിനെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/110867/kottiur-vaisakha-mahotsavam-is-completely-under-green-rules)