---
title: "എൻ.ആർ.ഇ.ജി ഫണ്ടിനെ ചൊല്ലി തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് - കോൺഗ്രസ് തർക്കം, ഭരണ സമിതി യോഗം  ലീഗ് ബഹിഷ്ക്കരിച്ചു ; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ബി.ജെ.പി"
english_title: "Muslim League-Congress dispute in Thriprangotur panchayat over NREG fund, League boycotts governing committee meeting;BJP says it is a challenge to democracy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109866/muslim-league-congress-dispute-in-thriprangotur-panchayat-over-nreg-fund-league-boycotts-governing-committee-meetingbjp-says-it-is-a-challenge-to-democracy"
published_at: "2023-04-19T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64400882909f5_Untitled-1_copy.jpg"
keywords: []
---

# എൻ.ആർ.ഇ.ജി ഫണ്ടിനെ ചൊല്ലി തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് - കോൺഗ്രസ് തർക്കം, ഭരണ സമിതി യോഗം  ലീഗ് ബഹിഷ്ക്കരിച്ചു ; ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ബി.ജെ.പി

> **Lead Summary:** പാനൂർ :തൊഴിലുറപ്പ് പദ്ധതിയിൽ 2023 - 24 വർഷത്തേക്ക് ലഭിച്ച 50 ലക്ഷം രൂപയെ ചൊല്ലിയാണ് തർക്കമുണ്ടായത്. മുസ്ലിം ലീഗ് ജയിച്ച വാർഡുകളിൽ മാത്രമായി ഫണ്ടിൻ്റെ ഭൂരിഭാഗവും നീക്കിവയ്ക്കണമെന്ന നിർദ്ദേശം അജണ്ടയിൽ നിന്നും ഒഴിവാക്കിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് അസാധാരണ ബഹിഷ്ക്കരണമുണ്ടായത്.

## Article Content

പാനൂർ :തൊഴിലുറപ്പ് പദ്ധതിയിൽ 2023 - 24 വർഷത്തേക്ക് ലഭിച്ച 50 ലക്ഷം രൂപയെ ചൊല്ലിയാണ് തർക്കമുണ്ടായത്. മുസ്ലിം ലീഗ് ജയിച്ച വാർഡുകളിൽ മാത്രമായി ഫണ്ടിൻ്റെ ഭൂരിഭാഗവും നീക്കിവയ്ക്കണമെന്ന നിർദ്ദേശം അജണ്ടയിൽ നിന്നും ഒഴിവാക്കിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. തുടർന്നാണ് അസാധാരണ ബഹിഷ്ക്കരണമുണ്ടായത്.

തൊഴിലുറപ്പ് ഫണ്ടിലെ 10 ശതമാനം വിഹിതം എല്ലാ വാർഡുകളിലേക്കും കൃത്യമായി വീതിക്കാതെ മുസ്ലിം ലീഗിൻ്റെ വാർഡുകളിൽ മാത്രം ഉപയോഗിക്കാനുള്ള നീക്കത്തെ രാഷ്ട്രീയ ഭേദമന്യേ യോഗത്തിൽ അംഗങ്ങൾ വിമർശിച്ചതായാണ് വിവരം. വൈസ് പ്രസിഡൻ്റ്, 3 സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരടക്കം 7 മുസ്ലിം ലീഗ് അംഗങ്ങളാണ് പഞ്ചായത്ത് യോഗത്തിൽ നിന്നും വിട്ടു നിന്നത്.

5 ഇടതുപക്ഷ അംഗങ്ങളും, 3 ബി.ജെ.പി അംഗങ്ങളും, 2 കോൺഗ്രസ് അംഗങ്ങളും, 1 സ്വതന്ത്രനും യോഗത്തിൽ പങ്കെടുത്തു. മറ്റ് അജണ്ടകൾ പൂർത്തീകരിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ കെ.പി മോഹനൻ എം എൽ എ വിളിച്ചു ചേർത്ത ആശുപത്രി ഉദ്ഘാടനത്തെക്കുറിച്ചുള്ള യോഗവും ലീഗ് ബഹിഷ്ക്കരിച്ചു. മുസ്ലിം ലീഗിൻ്റെ ബഹിഷ്ക്കരണം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി പാർലമെൻ്ററി പാർട്ടി ലീഡർ വി.പി സുരേന്ദ്രൻ പറഞ്ഞു.

തുടർച്ചയായി പഞ്ചായത്ത് യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ മുസ്ലിം ലീഗിനാവില്ല. അംഗത്വം പോലും നഷ്ടമാവുമെന്നിരിക്കെ പ്രശ്നം പരിഹരിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. എന്നാൽ മുസ്ലിം ലീഗിൻ്റെ നടപടികളിൽ കോൺഗ്രസിൽ വ്യാപക എതിർപ്പാണുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109866/muslim-league-congress-dispute-in-thriprangotur-panchayat-over-nreg-fund-league-boycotts-governing-committee-meetingbjp-says-it-is-a-challenge-to-democracy)