---
title: "സഞ്ചാരികളെ ഇതിലെ;  മയ്യഴിപ്പുഴയിൽ രണ്ട് ബോട്ട് ജെട്ടികൾ  "
english_title: "Tourists in this;Two boat jetties at Mayyazhipuzha"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107040/tourists-in-thistwo-boat-jetties-at-mayyazhipuzha"
published_at: "2023-04-04T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bc4e601564_0c663ef3-5a0b-4cfb-8284-35341ed1a8a9_(1).jpg"
keywords: []
---

# സഞ്ചാരികളെ ഇതിലെ;  മയ്യഴിപ്പുഴയിൽ രണ്ട് ബോട്ട് ജെട്ടികൾ  

> **Lead Summary:** പെരിങ്ങത്തൂർ: ജില്ലയുടെ അതിർത്തി പങ്കിടുന്ന പെരിങ്ങത്തൂർ ബോട്ട് ജെട്ടി ഉദ്ഘാടത്തിനൊരുങ്ങി. വിനോദ സഞ്ചാരികൾക്കായി മയ്യഴിപ്പുഴയിൽ രണ്ട് ബോട്ട് ജെട്ടികൾ നിർമ്മാണം പൂർത്തിയായി. മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നിർമിച്ച മയ്യഴിപ്പുഴയിലെ രണ്ട് ബോട്ട് ജെട്ടികളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പെരിങ്ങത്തൂർ, കരിയാട് കിടഞ്ഞി എന്നീ ജെട്ടികളാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്. പാനൂർ നഗരസഭയിലാണ് രണ്ട് ജെട്ടികളും .

## Article Content

പെരിങ്ങത്തൂർ: ജില്ലയുടെ അതിർത്തി പങ്കിടുന്ന പെരിങ്ങത്തൂർ ബോട്ട് ജെട്ടി ഉദ്ഘാടത്തിനൊരുങ്ങി. വിനോദ സഞ്ചാരികൾക്കായി മയ്യഴിപ്പുഴയിൽ രണ്ട് ബോട്ട് ജെട്ടികൾ നിർമ്മാണം പൂർത്തിയായി. മലബാർ റിവർ ക്രൂസ് ടൂറിസത്തിന്റെ ഭാഗമായി നിർമിച്ച മയ്യഴിപ്പുഴയിലെ രണ്ട് ബോട്ട് ജെട്ടികളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. പെരിങ്ങത്തൂർ, കരിയാട് കിടഞ്ഞി എന്നീ ജെട്ടികളാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചത്. പാനൂർ നഗരസഭയിലാണ് രണ്ട് ജെട്ടികളും .

ജെട്ടികളുടെ നിലവിലെ അവസ്ഥ വിലയിരുത്താൻ കെ.പി. മോഹനൻ എം.എൽ.എയും വിനോദസഞ്ചാരവകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഏപ്രിൽ പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ആയോധനകലയിലധിഷ്ഠിതമായതാണ് മയ്യഴിപ്പുഴയിലെ വിനോദസഞ്ചാര പദ്ധതി. കേരളീയ വാസ്തുശൈലിയിൽ നിർമിച്ച രണ്ട് ജെട്ടികളിലും സൗരോർജവിളക്കുകളുൾപ്പെടെ ആധുനികസംവിധാനങ്ങളൊക്കെ നേരത്തേ സ്ഥാപിച്ചിരുന്നു. വലുതും ചെറുതുമായ സഞ്ചാരബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കാനുള്ള സംവിധാനം ജെട്ടികളിലുണ്ട്. ലോഗൻസ് മാന്വലിൽ ഇടം പിടിച്ച പ്രശസ്തമായ പെരിങ്ങളം കടവിലാണ് പെരിങ്ങത്തൂരിലെ ബോട്ട് ജെട്ടി. ഇവിടെനിന്ന് പുളിയനമ്പ്രം ഭാഗത്തേക്കുള്ള തീരദേശ റോഡ് പദ്ധതിയും പൂർത്തിയായി വരുന്നു. പെരിങ്ങത്തൂർ ബോട്ട് ജെട്ടി മുതൽ കിഴക്കോട്ടേക്കുള്ള തീരദേശ റോഡിന് കെ.പി. മോഹനൻ എം.എൽ.എ.യുടെ ഇടപെടലിലൂടെ 2.62 കോടി രൂപയുടെ പദ്ധതിയും ഭരണാനുമതി പ്രതീക്ഷിച്ചിരിക്കുകയാണ്. കിടഞ്ഞിയിലെ നിർദിഷ്ട തുരുത്തിമുക്ക് പാലത്തിന്റെ പദ്ധതിപ്രദേശത്തോട് ചേർന്നാണ് കരിയാട് കിടഞ്ഞി ബോട്ട് ജെട്ടിയുള്ളത്. ഇതിനടുത്താണ് സഞ്ചാരികൾക്ക് പ്രിയമുള്ള നടുത്തുരുത്തി ദ്വീപ്. ജെട്ടികളിലേക്കുളള റോഡുകളുടെ നവീകരണം പൂർത്തിയായിട്ടില്ല. ഉദ്യാനം, ശൗചാലയം എന്നിവയുടെ പ്രവൃത്തികളാണ് ബാക്കി. ബോട്ട് ജെട്ടികളുടെ നിർമാണം നേരത്തെ തന്നെ പൂർത്തിയായി ബോർഡുകളും സ്ഥാപിച്ചിരുന്നു. നിലവിൽ സ്വകാര്യ ബോട്ടുകളിൽ വിനോദസഞ്ചാരികൾ ഈ വഴി സഞ്ചരിക്കാറുണ്ട്. ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസ് തുടങ്ങണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് ഉദ്ഘാടനം നടക്കുന്നത്.

നേരത്തേ ഉദ്ഘാടനം ചെയ്ത മയ്യഴിപ്പുഴയിലെ തന്നെ മോന്താൽ ബോട്ട് ജെട്ടിയിലും സ്വകാര്യ ബോട്ടുകൾ മാത്രമേ ഉള്ളൂ. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, സി. മനോജ്, ഉൾനാടൻ ജലഗതാഗത വകുപ്പിലെ അസി. എക്സി. എൻജിനിയർ സിന്ധു തൈവളപ്പിൽ, കെ. ശ്രീജ, വിനോദസഞ്ചാരവകുപ്പുദ്യോഗസ്ഥരായ പി. അതുൽ, കെ.സി. ശ്രീനിവാസൻ, ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ എന്നിവരും നഗരസഭ കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, എം.പി.കെ. അയ്യൂബ്, സി.എച്ച്. സ്വാമിദാസൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.സഞ്ചാരികളെ ഇതിലെ; മയ്യഴിപ്പുഴയിൽ രണ്ട് ബോട്ട് ജെട്ടികൾ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107040/tourists-in-thistwo-boat-jetties-at-mayyazhipuzha)