---
title: "ഒന്നരമാസത്തെ കാത്തിരിപ്പ് ; താഴെ ചമ്പാട് - കൂരാറ റോഡ് ഭാഗികമായി തുറന്നു"
english_title: "One and a half months of waiting;Lower Champad - Coorara road partially opened"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/107028/one-and-a-half-months-of-waitinglower-champad-coorara-road-partially-opened"
published_at: "2023-04-04T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642bbca907614_dcfcc2db-3d92-4ed1-8c77-52771ae4d7e2.jpg"
keywords: []
---

# ഒന്നരമാസത്തെ കാത്തിരിപ്പ് ; താഴെ ചമ്പാട് - കൂരാറ റോഡ് ഭാഗികമായി തുറന്നു

> **Lead Summary:** പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള ചമ്പാട് - കൂരാറ റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്ന് നൽകി. ബസ്സുൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് നിരോധനം ഒരാഴ്ചയോളം തുടരും. ഒന്നര മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാനൂർ ബ്ലോക്ക് പഞ്ചായത്തിന് മുൻവശത്തെ റോഡിന് ഒടുവിൽ ശാപമോക്ഷം.

## Article Content

പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള ചമ്പാട് - കൂരാറ റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്ന് നൽകി. ബസ്സുൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് നിരോധനം ഒരാഴ്ചയോളം തുടരും. ഒന്നര മാസത്തോളം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാനൂർ ബ്ലോക്ക് പഞ്ചായത്തിന് മുൻവശത്തെ റോഡിന് ഒടുവിൽ ശാപമോക്ഷം.

110 മീറ്റർ റോഡിൽ കുരുക്ക് കട്ട പൂർണമായും പതിച്ച് ഗതാഗതയോഗ്യമായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ റോഡ് കുരുക്ക്കട്ട പതിക്കാൻ ഒന്നര മാസം മുമ്പാണ് അടച്ചത്. കൂരാറ ഭാഗത്തേക്കുള്ള ബസുകളും, നിരവധി വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. എഞ്ചിനീയറിംഗ് വിഭാഗം, കൃഷി അസി.ഡയറക്ടർ, ക്ഷീര വികസന ഓഫീസ്, വനിതാ - ശിശു വികസന പദ്ധതി ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, വ്യവസായ വികസന ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വാഹനങ്ങൾ വേറെയുമുണ്ടാകും. യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട റോഡുപണി ഇഴഞ്ഞു നീങ്ങുന്നതിൽ പരാതിയുയർന്നിരുന്നു. എൻജീനീയറിംഗ് വിഭാഗം കോട്ടയം പൊയിൽ സ്വദേശിയായ കരാറുകാരനെയും, കരാറുകാരൻ എൻജീനീയറിംഗ് വിഭാഗത്തെയും കുറ്റപ്പെടുത്തിയപ്പോൾ ദുരിതത്തിലായത് യാത്രക്കാരാണ്. ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ചാണ് താഴെ ചമ്പാട് നിന്നും ബ്ലോക്ക് പഞ്ചായത്ത് വരെയുള്ള ഭാഗം കുരുക്ക് കട്ട വിരിച്ചത്.

ഇതിന് പുറമെ സ്ട്രീറ്റ് ലൈറ്റുകൾ വച്ചുപിടിപ്പിക്കുകയും, ചെടികൾ വച്ച് പിടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. നവീകരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം എപ്പോൾ ചെയ്യുമെന്നുറപ്പില്ല. നവീകരിച്ച റോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ.പവിത്രൻ ഗതാഗതത്തിനായി തുറന്നു നൽകി. കെ.പി മോഹനൻ എം എൽ എ മുഖ്യാതിഥിയായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ അധ്യക്ഷയായി. ബി.ഡി.ഒ ടി.വി സുഭാഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ടി.ടി റംല, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസി. സി.കെ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/107028/one-and-a-half-months-of-waitinglower-champad-coorara-road-partially-opened)