---
title: "കൃത്രിമ ജലപാതക്കെതിരെ അന്തിമ പോരാട്ടത്തിനൊരുങ്ങി ജനം ; ശനിയാഴ്ച കടവത്തൂർ മുതൽ മേലെ ചമ്പാട് വരെ ജീവൻ രക്ഷാമാർച്ച്, ഞായറാഴ്ച  സമരകാഹളം "
english_title: "People prepare for final fight against artificial waterway;Life saving march from Kadavathur to Mele Champat on Saturday and Samarakahalam on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/104790/people-prepare-for-final-fight-against-artificial-waterwaylife-saving-march-from-kadavathur-to-mele-champat-on-saturday-and-samarakahalam-on-sunday"
published_at: "2023-03-23T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c6084bd416_50aed681-2da7-4b9c-8f02-c27989b687fb.jpg"
keywords: []
---

# കൃത്രിമ ജലപാതക്കെതിരെ അന്തിമ പോരാട്ടത്തിനൊരുങ്ങി ജനം ; ശനിയാഴ്ച കടവത്തൂർ മുതൽ മേലെ ചമ്പാട് വരെ ജീവൻ രക്ഷാമാർച്ച്, ഞായറാഴ്ച  സമരകാഹളം 

> **Lead Summary:** മാഹി മുതൽ വളപട്ടണം വരെ കോടികൾ മുതൽ മുടക്കി മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയെന്ന നിർദ്ദിഷ്ട ജലപാതയുടെ ഒന്നാം റീച്ചായ മാഹി മുതൽ ചാടാൽ പുഴവരെയുള്ള കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുല്ലൂക്കര, അണിയാരം, പൂക്കോം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിൽ പലയിടത്തും എൽ അടയാളമിടുമ്പോൾ മാത്രമാണ് ജലപാതയ്ക്കാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്.

## Article Content

മാഹി മുതൽ വളപട്ടണം വരെ കോടികൾ മുതൽ മുടക്കി മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയെന്ന നിർദ്ദിഷ്ട ജലപാതയുടെ ഒന്നാം റീച്ചായ മാഹി മുതൽ ചാടാൽ പുഴവരെയുള്ള കൃത്രിമ ജലപാത നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുല്ലൂക്കര, അണിയാരം, പൂക്കോം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിൽ പലയിടത്തും എൽ അടയാളമിടുമ്പോൾ മാത്രമാണ് ജലപാതയ്ക്കാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്.

ഒരു പ്രദേശം മുഴുവൻ കുടിവെളള ക്ഷാമത്തിനും ജല മലിനീകരണത്തിനും അത് വഴി കാർഷിക നാശത്തിലേക്കും നയിക്കുന്ന ഈ ജലപാത പിറന്ന മണ്ണിൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട് നൂറുകണക്കിന് വീടുകളും മറ്റ് സ്ഥാപനങ്ങളും തകർത്തുകൊണ്ടാണ് കടന്നുപോകുന്നത്. ഈ പദ്ധതിക്കെതിരായുള്ള ശക്തമായ ജനരോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യപടിയെന്ന നിലയിൽ ജീവൻ രക്ഷാ മാർച്ച് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. കടവത്തൂർ മുതൽ പദ്ധതി പ്രദേശങ്ങളിലെ 18 സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഒരുക്കും.

വൈകീട്ട് മീത്തലെ ചമ്പാട് ജാഥ സമാപിക്കും. ഇരുചക്ര വാഹനങ്ങളിൽ ഉൾപടെ 100 ൽപരം വാഹനങ്ങൾ മാർച്ചിനെ അനുഗമിക്കും. രാവിലെ കടവത്തൂരിൽ നിന്നാരംഭിക്കുന്ന ജീവൻ രക്ഷാമാർച്ച് തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. തങ്കമണി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ, സാമൂഹ്യം സാംസ്കാരിക നേതാക്കൾ സംസാരിക്കും. മീത്തലെ ചമ്പാട് വെച്ച് നടക്കുന്ന സമാപന സമ്മേ ളനം കൃത്രിമ ജലപാത പ്രതിരോധ ജനകീയ സമിതി കണ്ണൂർ, ജനറൽ സെക്രട്ടറി കെ.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ദിനേശൻ പച്ചോൾ ജാഥാ ലീഡറും, സന്തോഷ് ഒടക്കാത്ത് മാനേജറും, എൻ.പി മുകുന്ദൻ കോഡിനേറ്ററുമാണ്.

ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മേലെ പൂക്കോത്ത് കൃത്രിമ ജലപാതക്കെതിരെ നടക്കുന്ന സമരകാഹളം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തലശേരി നഗരസഭാ കൗൺസിലറും, കൃത്രിമജലപാത പ്രതിരോധ ജനകീയ സമിതി തലശേരി മേഖലാ കമ്മിറ്റി ചെയർമാനുമായ മിലി ചന്ദ്ര അധ്യക്ഷത വഹിക്കും. പാനൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ ദിനേശൻ പച്ചോൾ, ഇ.മനീഷ്, കെ.കെ ധനഞ്ജയൻ, എൻ.പി മുകുന്ദൻ, കെ.പി പ്രഭാകരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/104790/people-prepare-for-final-fight-against-artificial-waterwaylife-saving-march-from-kadavathur-to-mele-champat-on-saturday-and-samarakahalam-on-sunday)