---
title: "മാഹി മലയാള കലാഗ്രാമത്തിൽ ആരംഭിച്ച ആർട്ട് സിംഫണി ചിത്രപ്രദർശനം വേറിട്ട കാഴ്ചയായി."
english_title: "The Art Symphony film exhibition that started at Mahi Malayalam Kalagrama was a special sight."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/102772/the-art-symphony-film-exhibition-that-started-at-mahi-malayalam-kalagrama-was-a-special-sight"
published_at: "2023-03-13T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eaece4fe0a_d14178a5-b75e-4568-ab98-95ab69accf1e.jpg"
keywords: []
---

# മാഹി മലയാള കലാഗ്രാമത്തിൽ ആരംഭിച്ച ആർട്ട് സിംഫണി ചിത്രപ്രദർശനം വേറിട്ട കാഴ്ചയായി.

> **Lead Summary:** മാഹി: വരകൾ കൊണ്ട് സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന നാല് പ്രശസ്ത ചിത്രകാരന്മാരുടെ ചതുർദിന ചിത്രപ്രദർശനം -ആർട്ട് സിംഫണിയാണ് - മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ആരംഭിച്ചത്. രമേശ് ബാബു (ബാംഗ്ളൂർ) രാജ് ബലറാം (കൊച്ചിൻ) രാജേഷ് പിള്ള (മുംബെ ) ശിവൻ കൈലാസ് (കാസർഗോഡ്) എന്നിവരുടെ വ്യത്യസ്ത തലങ്ങളിലുള്ള അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. വർണ്ണ ഭംഗിയിൽ ആലേഖനം ചെയ്യപ്പെട്ട ജീവിതതാളം മുറ്റി നിൽക്കുന്ന അമ്പതോളം വ്യത്യസ്ത ശൈലികളിലും, ആശയങ്ങളിലുമുള്ള രചനകൾ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

## Article Content

മാഹി: വരകൾ കൊണ്ട് സ്വപ്നങ്ങൾ സൃഷ്ടിക്കുന്ന നാല് പ്രശസ്ത ചിത്രകാരന്മാരുടെ ചതുർദിന ചിത്രപ്രദർശനം -ആർട്ട് സിംഫണിയാണ് - മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ആരംഭിച്ചത്. രമേശ് ബാബു (ബാംഗ്ളൂർ) രാജ് ബലറാം (കൊച്ചിൻ) രാജേഷ് പിള്ള (മുംബെ ) ശിവൻ കൈലാസ് (കാസർഗോഡ്) എന്നിവരുടെ വ്യത്യസ്ത തലങ്ങളിലുള്ള അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. വർണ്ണ ഭംഗിയിൽ ആലേഖനം ചെയ്യപ്പെട്ട ജീവിതതാളം മുറ്റി നിൽക്കുന്ന അമ്പതോളം വ്യത്യസ്ത ശൈലികളിലും, ആശയങ്ങളിലുമുള്ള രചനകൾ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

പ്രകൃതിയുടേയും. മനുഷ്യൻ്റേയും പാരസ്പര്യത്തിൽ നിന്നും ഉയിർ കൊണ്ട ഭാവനയുടെ വർണ്ണപുഷ്ക്കലതയ്ക്കുള്ള സാക്ഷ്യപത്രങ്ങളാണ് ഓരോ ക്യാൻവാസും. ലളിതമായ അർത്ഥങ്ങളിൽ രചിക്കപ്പെട്ട ചിത്രങ്ങൾക്ക് ആഴവും പരപ്പുമുള്ള വ്യാഖ്യാനങ്ങളിൽ എത്തിച്ചേരാൻ ,ചിത്രങ്ങൾ ഗൗരവത്തോടെ നോക്കിക്കാണുന്ന ആ സ്വാദകർക്ക് കഴിയും. ദുരൂഹതയും ദുർഗ്രാഹ്യതയുമില്ലാത്ത രചനകളത്രയും തികച്ചും നേരിട്ട് സംവദിക്കുന്ന രീതികളിലാണ് വരഞ്ഞത്. ഇവയിൽ പ്രകടമാകുന്ന കരവിരുതിൻ്റെ വികാര പ്രപഞ്ചം, കഠിനമായ അദ്ധ്വാനത്തിൻ്റെ വിവരണാതീതമായ നിശ്വാസ പ്രകടനമാണ് വിളംബരം ചെയ്യുന്നത്.

ഋതുക്കൾ ഭാവമാറ്റം പകരുന്ന ഗ്രാമ്യ - നാഗരിക ദൃശ്യങ്ങൾക്ക് ചാരുത പകരുന്ന രചനകൾ, വർണ്ണ പ്രയോഗങ്ങൾ കൊണ്ടും, ആവിഷ്ക്കാര മികവ് കൊണ്ടും, വേറിട്ട് നിൽക്കുന്നു. മറ്റൊരു ചിത്രത്തിൽ വെയിൽ ഉരുക്കിയുരുക്കി, കളങ്കം പോയ കറുപ്പ് കൊണ്ട് മാത്രം കണ്ണെഴുതിപ്പിക്കുകയാണ്. തളിരിടലിൻ്റെ ഒരു ശുഭപ്രതീക്ഷ തന്നെയാണ് ഈ പ്രദർശനം കൊണ്ട് ചിത്രകാരന്മാർ നൽകുന്ന ഹരിത പാഠം. ലളിതകലാ അക്കാദമി മുൻ വൈസ് ചെയർമാൻ സുരേഷ് കൂത്തുപറമ്പിൻ്റെ അദ്ധ്യക്ഷതയിൽ കലാനിരൂപകൻ എം.ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, കാർട്ടൂണിസ്റ്റ് അജയകുമാർ, കലൈമാമണി സതീശങ്കർ സംസാരിച്ചു. ചിത്രകാരൻ പ്രശാന്ത് ഒളവിലം സ്വാഗതവും, പി.ജയരാജൻ നന്ദിയും പറഞ്ഞു.പ്രദർശനം 14ന് വൈകീട്ട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/102772/the-art-symphony-film-exhibition-that-started-at-mahi-malayalam-kalagrama-was-a-special-sight)