---
title: "വാറണ്ട് കേസിൽ ഹാജരായ പ്രതി തലശേരിയിൽ  കോടതി വരാന്തയിൽ കുഴഞ്ഞ് വീണ് മരിച്ചു ; ജാമ്യമില്ലാ  ലോകത്തേക്ക് യാത്രയായത് തലശേരി സ്വദേശി അബ്ദുൽ കരീം"
english_title: "Accused appearing in the warrant case collapsed and died on court verandah in Thalassery;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100765/accused-appearing-in-the-warrant-case-collapsed-and-died-on-court-verandah-in-thalassery"
published_at: "2023-03-02T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640048a0d6f1f_d6e761ef-81e4-4bec-b382-ae3ca749bb5c.jpg"
keywords: []
---

# വാറണ്ട് കേസിൽ ഹാജരായ പ്രതി തലശേരിയിൽ  കോടതി വരാന്തയിൽ കുഴഞ്ഞ് വീണ് മരിച്ചു ; ജാമ്യമില്ലാ  ലോകത്തേക്ക് യാത്രയായത് തലശേരി സ്വദേശി അബ്ദുൽ കരീം

> **Lead Summary:** തലശ്ശേരി: തലശ്ശേരി കായ്യത്ത് റോഡിലെ നസീറ മൻസിലിൽ അബ്ദുൽ കരീമാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വരാന്തയിൽ കുഴഞ്ഞു വീണത്. ഉച്ചതിരിഞ്ഞായിരുന്നു സംഭവം. വർഷങ്ങൾക്ക് മുൻപു നടന്ന ഒരു തല്ല് കേസിൽ പ്രതിയായ കരിം അന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ജോലി തേടി ഗൾഫിലേക്ക് പോവുകയായിരുന്നു.

## Article Content

തലശ്ശേരി: തലശ്ശേരി കായ്യത്ത് റോഡിലെ നസീറ മൻസിലിൽ അബ്ദുൽ കരീമാണ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വരാന്തയിൽ കുഴഞ്ഞു വീണത്. ഉച്ചതിരിഞ്ഞായിരുന്നു സംഭവം. വർഷങ്ങൾക്ക് മുൻപു നടന്ന ഒരു തല്ല് കേസിൽ പ്രതിയായ കരിം അന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ജോലി തേടി ഗൾഫിലേക്ക് പോവുകയായിരുന്നു.

പഴയ കേസ് വിചാരണക്ക് വന്നപ്പോൾ പലവട്ടം ഹാജരാവാനായില്ല. പലവട്ടം സമൻസ് അയച്ചിട്ടും എത്താത്തതിനാൽ കരീമിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ലോംഗ് പെൻ്റിംഗ് വാറണ്ടുള്ള കരീം ജോലി സ്ഥലമായ ഖത്തറിൽ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തുകയും കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാൻ മാഹി സ്വദേശിയായ സുഹൃത്തുമൊത്ത് അഭിഭാഷകൻ മുഖേന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തുകയായിരുന്നു.

വിഷയം അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയ ശേഷം മജിസ്ട്രേട്ടിൻ്റെ നിർദ്ദേശപ്രകാരം ജാമ്യത്തിനുള്ള ബോണ്ടും മറ്റും തയ്യാറാക്കാൻ കാത്തിരിക്കുന്നതിനിടയിലാണ് കരീമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർ.ഡി.ഒ. വിൻ്റെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ്നടത്തി പോസ്റ്റ്മോർട്ടം നടത്താനാണ് പോലീസ് നീക്കം. കായ്യത്ത് റോഡിലെ പരേതരായ അഹമ്മദ്, മറിയം ദമ്പതികളുടെ മകനാണ്. സജ്ന യാണ് ഭാര്യ. സൻഹ മകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100765/accused-appearing-in-the-warrant-case-collapsed-and-died-on-court-verandah-in-thalassery)