---
title: "ഇന്ന് വ്യാപാരി പ്രതിഷേധം;  പാനൂർ ടൗണിനെ ഒഴിവാക്കി ബൈപ്പാസ് റോഡ് വേണം"
english_title: "Trader protest today;A bypass road should be avoided avoiding Panur town"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/100196/trader-protest-todaya-bypass-road-should-be-avoided-avoiding-panur-town"
published_at: "2023-02-28T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd876a69aa9_download_(5).jpg"
keywords: []
---

# ഇന്ന് വ്യാപാരി പ്രതിഷേധം;  പാനൂർ ടൗണിനെ ഒഴിവാക്കി ബൈപ്പാസ് റോഡ് വേണം

> **Lead Summary:** പാനൂർ : ഇന്ന് പാനൂരിൽ വ്യാപാരികളുടെ പ്രതിഷേധ സമരം. പാനൂർ ടൗണിനെ ഒഴിവാക്കി ബൈപ്പാസ് റോഡ് വേണമെന്നതാണ് പ്രധാന ആവശ്യം. കണ്ണൂർ വിമാനത്താവള റോഡ് വികസനത്തിന്റെ പേരിൽ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ മേഖലാ സമരസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് പാനൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നത്.

## Article Content

പാനൂർ : ഇന്ന് പാനൂരിൽ വ്യാപാരികളുടെ പ്രതിഷേധ സമരം. പാനൂർ ടൗണിനെ ഒഴിവാക്കി ബൈപ്പാസ് റോഡ് വേണമെന്നതാണ് പ്രധാന ആവശ്യം. കണ്ണൂർ വിമാനത്താവള റോഡ് വികസനത്തിന്റെ പേരിൽ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പാനൂർ മേഖലാ സമരസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് പാനൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നത്.

നിർദിഷ്ട റോഡ് വികസനം നടപ്പാക്കിയാൽ പെരിങ്ങത്തൂർമുതൽ പൂക്കോട് വരെ 972 വ്യാപാരസ്ഥാപനങ്ങൾക്ക് നാശം സംഭവിക്കും. പാനൂരിൽ മാത്രം 480 എണ്ണം. വീടുകൾക്കും ആരാധനാലയങ്ങൾക്കും പുറമേയാണിത്. നേരിട്ടും അല്ലാതെയും 20000 ഓളം പേരുടെ ഉപജീവനമാർഗത്തെ ബാധിക്കും.

മുൻകൂർ നോട്ടീസ് തന്നിട്ടേ അടയാള കുറ്റി അടിക്കാവൂ, പാനൂർ ടൗണിനെ ഒഴിവാക്കി ബൈപ്പാസ് റോഡ് നിർമിക്കുക, തളിപ്പറമ്പ്-മട്ടന്നൂർ റോഡ് മാതൃകയിൽ 13.6 മീറ്റർ വീതിയിൽ റോഡ് നിർമിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. കുറ്റ്യാടി, കല്ലാച്ചി, കക്കട്ട്, നാദാപുരം ടൗണുകളെ ഒഴിവാക്കിയ മാതൃകയിൽ പാനൂർ ടൗണിനെയും ഒഴിവാക്കി ബൈപ്പാസ് റോഡ് നിർമിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സർക്കാരിനെതിരായ സമരമല്ലിത്. അതിജീവനത്തിനുവേണ്ടിയുള്ളതാണെന്നും നേതാക്കൾ പറഞ്ഞു. വൈകീട്ട് മൂന്നിന് ഗവ. എൽ.പി. സ്കൂൾ പരിസരത്തുനിന്ന് തുടങ്ങുന്ന പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിക്കും.

തുടർന്ന് പ്രതിഷേധേയോഗം നടത്തും. പത്രസമ്മേളനത്തിൽ പാനൂർ മേഖല സമരസമിതി ചെയർമാൻ എം.ആർ. വേണു, വൈസ് ചെയർമാൻ ഇ. മഹമൂദ്, കൺവീനർ ഒ.ടി. അബ്ദുള്ള, പെരിങ്ങത്തൂർ, പാനൂർ യൂണിറ്റ് പ്രസിഡന്റുമാരായ ഹമീദ് കിടഞ്ഞി, കെ.കെ. പുരുഷോത്തമൻ, വൈ.എം. അസ്ലം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/100196/trader-protest-todaya-bypass-road-should-be-avoided-avoiding-panur-town)